മാർട്ടിൻ ലൂഥർ

The Small Catechism

ഉള്ളടക്കം

ആമുഖം

മുഖവുര

I പത്തു കൽപ്പനകൾ

II ക്രിസ്തീയ വിശ്വാസപ്രമാണം

III കർത്താവിന്റെ പ്രാർത്ഥന

IV വിശുദ്ധ സ്‌നാനം എൻസാക്രമെന്റ്‌

V പാപം ഏറ്റുപറച്ചിൽ

VI അൾത്താരയിലെ സാക്രമെന്റ്‌

അനുദിന പ്രാർത്ഥനകൾ

മുറപ്പട്ടിക

ആമുഖം

ഓരോ സഭയ്ക്കും, ഓരോ പാസ്റ്ററിനും, ഓരോ ക്രിസ്ത്യാനിക്കും ഒരു പ്രശ്നോത്തരപാഠം ആവശ്യമാണ്. യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന വ്യക്തി, താന്‍  വിശ്വസിക്കുന്നതെന്താണെന്നും അത് എങ്ങനെ ആവിഷ്കരിക്കണമെന്നും അറിയണം. ബൈബിൾ നമ്മോടു നിർദ്ദേശിക്കുന്നതുപോലെ, നമ്മുടെ ഉള്ളിലുള്ള പ്രത്യാശയെക്കുറിച്ച് ചോദിക്കുന്ന ഏതൊരാൾക്കും കണക്ക് നൽകാൻ നാം എപ്പോഴും തയ്യാറായിരിക്കണം (1 പത്രോസ് 3:15). പാസ്റ്റർമാർ മുതൽ ചെറിയ കുട്ടികൾ വരെ എല്ലാ ക്രിസ്ത്യാനികൾക്കിടയിലും അടിസ്ഥാന ക്രിസ്തീയ പഠിപ്പിക്കലിന്‍റെ പഠിപ്പിക്കലും അറിവും പ്രോത്സാഹിപ്പിക്കുന്നതിനായി മാർട്ടിൻ ലൂഥർ ഈ ചെറിയ കറ്റേക്കിസം അഥവാ പ്രശ്നോത്തരപാഠം ഒരു മികച്ച രീതിയിൽ രചിച്ചു

ക്രിസ്ത്യാനികളായി നാം എങ്ങനെ ജീവിക്കണം എന്ന് പത്തു കൽപ്പനകൾ നമ്മെ പഠിപ്പിക്കുന്നു, അവ നമ്മുടെ പരാജയങ്ങൾ കാണിച്ചുതരുന്നതോടൊപ്പം ക്രിസ്തു നമ്മുടെ രക്ഷകനായിരിക്കേണ്ടുന്നതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നു. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവയെക്കുറിച്ച് ക്രിസ്തീയ വിശ്വാസപ്രമാണം നമ്മെ പഠിപ്പിക്കുന്നു; ദൈവം നമുക്കുവേണ്ടി എന്തു ചെയ്തു, തുടർന്ന് എന്തെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു എന്ന വിശ്വാസങ്ങളെക്കുറിച്ചും പഠിപ്പിക്കുന്നു. നമ്മുടെ കർത്താവ് ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ, എങ്ങനെ പ്രാർത്ഥിക്കണമെന്ന് കർത്താവിന്‍റെ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നു. ജ്ഞാനസ്‌നാനം, കുമ്പസാരം, കർത്താവിന്‍റെ അത്താഴം എന്നിവയെക്കുറിച്ചുള്ള കാറ്റെക്കിസത്തിന്‍റെ ഭാഗങ്ങൾ, ദൈവം തന്‍റെ കൃപയിലുടെ നമ്മോട് എങ്ങനെ ക്ഷമിക്കുന്നുവെന്ന് നമ്മെ പഠിപ്പിക്കുന്നു. അവസാനമായി, ലൂഥറുടെ രാവിലെയും വൈകുന്നേരവും പ്രാർത്ഥനയും ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ക്കായുള്ള ബൈബിൾ ഭാഗങ്ങളുടെ സമാഹാരമായ കടമകളുടെ പട്ടികയും, ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയിൽ നാം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള അമൂല്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നു

ഈ കറ്റേക്കിസം എങ്ങനെ ഉപയോഗിക്കണം? മാർട്ടിൻ ലൂഥറും ഇത് വ്യക്തമായി പഠിപ്പിക്കുന്നു. ഓരോ കുടുംബത്തിലും, വീട്ടിലെ തലവൻ അത് ഭാര്യയെയും, മക്കളെയും, ദാസന്മാരെയും പഠിപ്പിക്കണം. എല്ലാ സഭയിലും പാസ്റ്റർ അത് ജനങ്ങളെ പഠിപ്പിക്കണം. ഓരോ സ്വകാര്യ വ്യക്തിയും ദൈവ സന്നിധിയിൽ കറ്റെക്കിസത്തിന്‍റെ വാക്കുകൾ ഓർമ്മിക്കുകയും പാരായണം ചെയ്യുകയും ഏറ്റുപറയുകയും വേണം. ചെറിയ കറ്റെക്കിസത്തിന്‍റെ പഠിപ്പിക്കലുകൾ അടിസ്ഥാനപരമാണെങ്കിലും, ജീവൻ നൽകുന്ന ഈ വാക്കുകളെക്കുറിച്ച് നമുക്ക് പലപ്പോഴും നമ്മെ ഓർമ്മപ്പെടുത്താനാവില്ല.

മാർട്ടിൻ ലൂഥർ സഭകളിൽ വ്യക്തിപരമായി സന്ദർശനം നടത്തിയപ്പോൾ തന്നെ ഒരു കറ്റേക്കിസത്തിന്‍റെ ആവശ്യകത കണ്ടെത്തി. ഈ സന്ദർശനങ്ങളെക്കുറിച്ചുള്ള തന്‍റെ നിരീ ക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം ആമുഖത്തിൽ എഴുതി:

“സാധാരണക്കാർക്ക്, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ, ക്രിസ്തീയ ഉപദേശത്തെക്കുറിച്ച് പ്രായോഗികമായി ഒന്നും അറിയില്ല, കൂടാതെ പല പാസ്റ്റർമാരും പൂർണ്ണമായും കഴിവില്ലാത്തവരും പഠിപ്പിക്കാൻ കഴിവില്ലാത്തവരുമാണ്. എന്നിട്ടും എല്ലാ ആളുകളും ക്രിസ്ത്യാനികളാകണം, സ്ഥാനമേറ്റു, കർത്താവിന്‍റെ പ്രാർത്ഥനയോ വിശ്വാസമോ പത്തു കൽപ്പനകളോ അറിയില്ലെങ്കിലും വിശുദ്ധ സംസ്കാരം സ്വീകരിക്കുന്നു.”

ഒരു കറ്റേക്കിസം ഇല്ലാതെ, സഭ തീർച്ചയായും അത്തരം നിന്ദ്യമായ അവസ്ഥയിലേക്ക് മടങ്ങും. ഇങ്ങനെ സംഭവിക്കാനിരിക്കുന്നതിനെ ദൈവം വിലക്കി!

സത്യം, അതിശയോക്തിയോ സംശയമോ ഇല്ലാതെ, സത്യസന്ധമായി പറയാൻ കഴിയും, ലൂഥറുടെ ചെറിയ കറ്റേക്കിസം നമ്മുടെ സഭകളിലും വീടുകളിലും അറിയപ്പെടുകയും പിന്തുടരുകയും  ചെയ്തിരുന്നുവെങ്കില്‍, ഏതെങ്കിലും കലഹത്തിനും അസൂയയ്ക്കും ഭിന്നതയ്ക്കും ഒരു കാരണം പോലും നമ്മള്‍ കാണില്ലായിരുന്നു, നമ്മുടെ സഭകൾ ഈ ഇരുണ്ട ലോകത്ത് ഒരു അത്ഭുതകരമായ വെളിച്ചം പോലെ തിളങ്ങും, അങ്ങനെ എല്ലാ മനുഷ്യരും അതിന്‍റെ  ഊഷ്മളതയിലേക്കും ആശ്വാസത്തിലേക്കും ആകർഷിക്കപ്പെടും. ദൈവം നമ്മിൽ അത്തരമൊരു നല്ല പ്രവൃത്തി സൃഷ്ടിക്കട്ടെ!

അതിനാൽ, എല്ലാ ക്രിസ്ത്യാനികളുടെയും പ്രയോജന ത്തിനായി, പ്രത്യേകിച്ച് എന്‍റെ സഹ ലൂഥറൻമാർക്കായി, ലൂഥറുടെ ചെറിയ കറ്റേക്കിസത്തിന്‍റെ ഈ പതിപ്പ് പ്രസിദ്ധീകരിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഈ വിവർത്തനം വിശ്വസ്തവും എന്നാൽ വ്യക്തവും മനസ്സിലാക്കാൻ എളുപ്പവും നിരന്തരമായ പരിഷ്കരണത്തിന്‍റെ ഉറവിടവുമാണെന്ന് അവർ കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദൈവത്തിന്‍റെ കൃപയാൽ, ഈ യുഗത്തിന്‍റെ ഇരുട്ടിലൂടെ ക്രിസ്തുവിന്‍റെ വെളിച്ചം ഇനിയും പ്രകാശിക്കട്ടെ. അത് അങ്ങനെയാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

എഡ്വേർഡ് ആർതർ നൗമാൻ
എൽ.സി.എം.എസ് തിയോളജിക്കൽ
എഡ്യുക്കേറ്റർ, ദക്ഷിണേഷ്യ

ഡോ. മാർട്ടിൻ ലൂഥറുടെ ആമുഖം

വിശ്വസ്തരും ദൈവികരുമായ എല്ലാ പാസ്റ്റർമാർക്കും ഉപദേഷ്ടാക്കന്മാർക്കും പിതാവിൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിന്നും കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ എന്ന് മാർട്ടിൻ ലൂഥർ പ്രാർത്ഥിക്കുന്നു.

സമീപകാലത്ത് സഭകളെ സന്ദർശിച്ചപ്പോൾ ഞാൻ കണ്ടെത്തിയ പരിതാപകരവും ശോച്യവുമായ അവസ്ഥയാണ് ഒരു കറ്റേക്കിസം അല്ലെങ്കിൽ പ്രശ്നോത്തരപാഠം എന്ന നിലയിൽ ക്രിസ്തീയ ഉപദേശത്തെ ചുരുക്കമായും വ്യക്തമായും ലളിതമായും തയ്യാറാക്കാൻ എന്നെ നിർബന്ധിതനാക്കിയത്. പ്രിയ ദൈവമേ, കരുണയുണ്ടാകണമേ! എന്തുമാത്രം ദുരിതാനുഭവങ്ങളാണ് ഞാൻ കാണേണ്ടിവന്നത്! ഗ്രാമത്തിൽ നിന്നുള്ള സാധാരണക്കാരനായ വ്യക്തിക്ക് ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചുള്ള അറിവുകാണുന്നില്ല. നിർഭാഗ്യവശാൽ അനേകം ശുശ്രൂഷകന്മാർ പഠിപ്പിക്കുന്നതിന് പ്രാപ്തിയില്ലാത്തവരോ മതിയായ യോഗ്യത നേടിയിട്ടുള്ളവരോ അല്ല. ഇതിനെക്കുറിച്ച് സംസാരിക്കുന്നതുതന്നെ ലജ്ജാകരമാണ്. അവർക്ക് കർത്താവിന്‍റെ പ്രാർത്ഥന അല്ലെങ്കിൽ വിശ്വാസപ്രമാണം അല്ലെങ്കിൽ പത്തുകൽപ്പനകൾ എന്നിവ കാണാപ്പാഠം ചൊല്ലുന്നതിന് കഴിവില്ലെങ്കിലും അവർ സ്നാനപ്പെട്ടവരും വിശുദ്ധ സാക്രമെന്റുകൾ സ്വീകരിച്ചു വരുന്നവരുമായതു കൊണ്ട് അവരെ ക്രിസ്ത്യാനികളായിട്ടാണ് എല്ലാവരും കരുതുന്നത്. യുക്തിബോധമില്ലാത്ത വൃത്തികെട്ട ജന്തുക്കളെപ്പോലെയും സംസാരിക്കാൻ കഴിവില്ലാത്ത അപരിഷ്കൃതരുമായ മനുഷ്യരെപ്പോലെയാണവർ ജീവിക്കുന്നത്. എന്നാൽ സുവിശേഷം ലഭിച്ചതിനുശേഷം സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നതിൽ വിദഗ്ദ്ധരെ പ്പോലെയാണവർ.

അല്ലയോ ബിഷപ്പുമാരേ, വളരെ ലജ്ജാകരമായ രീതിയിൽ ജനങ്ങളെ അവഗണിക്കുകയും അല്പസമയമെങ്കിലും ദൈവം നിങ്ങളിലര്‍പ്പിച്ച ചുമതലകളെ നിർവഹിക്കാതിരിക്കുകയും, അതേ സമയം താങ്കളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നു വിഭിന്നമായ മറ്റെല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്നതിന് നിങ്ങൾ ക്രിസ്തുവിനോട് എന്ത് ഉത്തരം പറയും? നിങ്ങളെ കുറ്റപ്പെടുത്താതിരിക്കാനാവില്ല, ക്രിസ്ത്യൻ മതത്തിന്‍റെ ഈ അധഃപതനത്തിന് നിങ്ങൾ മാത്രമാണ് കാരണക്കാർ. എല്ലാ തിന്മകളും നിങ്ങളിൽ നിന്നോടിപ്പോകട്ടെ. താങ്കള്‍ക്ക് ദുര്യോഗങ്ങൾ ഒന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു! ഇത് ദൈവവിചാരമില്ലായ്മയുടേയും, അധിക പ്രസംഗിത്തരത്തിന്‍റെയും പാരതമ്യമായ അവസ്ഥയല്ലേ, സാക്രമെന്‍റ് ഒരേ രീതിയിലായിരിക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുകയും നിങ്ങളുടേതായ മാനുഷികനിയമങ്ങളെ അടിച്ചേല്പിക്കുകയും ചെയ്യുന്നു; അതേ അവസരത്തിൽ ജനങ്ങൾക്ക് കർത്താവിന്‍റെ പ്രാർത്ഥനയോ വിശ്വാസപ്രമാണമോ പത്തു കൽപ്പനകളോ അല്ലെങ്കിൽ ദൈവവചനത്തിലെ ഏതെങ്കിലും ഭാഗങ്ങളോ അറിയാമോയെന്ന കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കുന്നതേയില്ലല്ലോ? കഷ്ടം, നിങ്ങളെക്കുറിച്ചോർക്കുമ്പോൾ കഷ്ടമാണ് തോന്നുന്നത്!

അതുകൊണ്ട് ശുശ്രൂഷകരും ഉപദേഷ്ടാക്കന്മാരുമായ എന്‍റെ പ്രിയ സഹോദരങ്ങളേ, നിങ്ങളുടെ ചുമതലകൾക്കുവേണ്ടി നിങ്ങളെ ഹൃദയപൂർവം സമർപ്പിക്കുന്നതിന് ഞാൻ ദൈവത്തിന്‍റെ പേരിൽ നിങ്ങളോടു യാചിക്കുന്നു നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ജനങ്ങളോട് കരുണ കാണിക്കുകയും കറ്റേക്കിസ്മുസ് ജനങ്ങളെ പഠിപ്പിക്കാൻ പ്രത്യേകിച്ച് യുവാക്കളെ; ഞങ്ങളെ സഹായിക്കയും ചെയ്യേണ്ടതാണ്. കൂടുതലായി ഒന്നും ചെയ്യാൻ കഴിയാത്തവർ, പട്ടികകൾ, ചാർട്ടുകൾ എന്നിവയിലൂടെ ഓരോ വാക്കുകൾ വീതം അവരെ ആകർഷിക്കത്തക്കവിധത്തിൽ താഴെ പറയുന്നവിധം പഠിപ്പിക്കേണ്ടതാണ.

ഒന്നാമതായി, എല്ലാറ്റിനുമുപരിയായി ഉപദേഷ്ടാക്കന്മാർ പത്തുകൽപ്പനകൾ, കർത്താവിന്‍റെ പ്രാർത്ഥന, വിശ്വാസപ്രമാണം, സാക്രമെന്റുകൾ എന്നിവയുടെ വിവിധ ഭാഷാന്തരങ്ങളും വിവിധ രൂപങ്ങളും ശ്രദ്ധാപൂർവം ഒഴിവാക്കണം. തിരഞ്ഞെടുക്കുന്ന രീതിയിൽത്തന്നെ ഉറച്ചു നില്ക്കുകയും എല്ലാ സമയവും വർഷങ്ങളോളവും പഠിപ്പിക്കുകയും വേണം. യുവാക്കളെയും സാധാരണക്കാരെയും പഠിപ്പിക്കുന്നതിൽ പാഠത്തിനും പഠിപ്പിക്കുന്ന രീതികൾക്കും ഐക്യരൂപമുണ്ടാകണം. തന്‍റെ രീതികളെ മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താൽ അദ്ധ്യാപകൻ, ഇന്നൊരു രീതിയിലും നാളെ മറ്റൊരു രീതിയിലും പഠിപ്പിച്ചാൽ അവരെ എളുപ്പത്തിൽ കുഴപ്പത്തിലാ ക്കുകയായിരിക്കും ഫലം, അല്ലെങ്കിൽ പഠിപ്പിക്കുന്നതിനു വേണ്ടി ചെലവഴിച്ച പ്രയത്നം വൃഥാവിലാവുകയും ചെയ്യും.

അനുഗൃഹീതരായ പിതാക്കന്മാർ ഇത് നല്ലവണ്ണം മനസ്സിലാക്കിയിരുന്നു; കർത്താവിന്‍റെ പ്രാർത്ഥന, വിശ്വാസപ്രമാണം, പത്തുകൽപ്പനകൾ എന്നിവയുടെ ഒരേ ഒരു രൂപം മാത്രമാണ് അവർ ഉ പയോഗിച്ചിരുന്നത്. അതുകൊണ്ട് യുവാക്കളെയും സാധാരണക്കാരെയും ഇതിലെ ഒരു വാക്കുപോലും മാറ്റം വരുത്താതെയും അല്ലെങ്കിൽ ഓരോ വർഷവും ഓരോ രീതിയിൽ പഠിപ്പിക്കാതെയും വേദന സഹിക്കേണ്ടിവന്നാലും അതീവശ്രദ്ധയോടെ ഈ ഭാഗങ്ങൾ തന്നെ പഠിപ്പിക്കേണ്ടതുമാണ്, കറ്റേക്കിസം എത്ര തവണ പഠിപ്പിക്കേണ്ടി വരുന്നുവെന്നത് കാര്യമാക്കേണ്ടതില്ല.

ഈ കാരണത്താൽ ഇഷ്ടപ്പെടുന്നതു സ്വീകരിക്കുകയും അതിൽ ഉറച്ചുനില്ക്കുകയും വേണം. എന്നാൽ അറിവുള്ളവരും ബുദ്ധിശാലികളുമായവരുടെ മുമ്പിൽ പ്രസംഗിക്കേണ്ടി വരുമ്പോൾ നിങ്ങളുടെ സാമർത്ഥ്യം വെളിപ്പെടുത്താവുന്നതാണ്. നിങ്ങൾക്ക് കഴിയുന്ന വിധത്തിലും യുക്തമായ രീതികളിലും മാറ്റങ്ങൾ ഉൾപ്പെടുത്തി വ്യത്യസ്തമായും സങ്കീർണമായ സങ്കേതങ്ങളിലൂടെയും ഈ ഭാഗങ്ങൾ അവതരിപ്പിക്കാ വുന്നതാണ്. യുവാക്കൾക്കുവേണ്ടിയാകുമ്പോൾ മാറ്റമില്ലാത്തെ നിശ്ചിതരൂപത്തിലും രീതിയിലുമായിരിക്കണമെന്നേയുള്ളൂ. ഒന്നാമതായി, പഠിപ്പിക്കാനുള്ളത് ഈ ഭാഗങ്ങളാണ്. പത്തു കൽപ്പനകൾ, വിശ്വാസപ്രമാണം, കർത്താവിന്‍റെ പ്രാർത്ഥന തുടങ്ങിയവ. വേദഭാഗമനുസരിച്ച് വചനം വചനമായി അതിലൂടെ നിങ്ങളോടൊപ്പം അവരും ആവർത്തിക്കുകയും മനഃപാഠമാക്കുകയും ഓർമയിൽ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.

കറ്റേക്കിസ്മുസ് പഠിക്കാൻ ഇഷ്ടമില്ലാത്തവരോട് അവർ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നില്ലയെന്നും ആ കാരണത്താൽ ക്രിസ്ത്യാനികളുമല്ലയെന്നും അവരോടു പറയേണ്ടതാണ്. അവരെ സാക്രമെന്റനുഭവിക്കാൻ അനുവദിക്കുകയോ ജ്ഞാന മാതാപിതാക്കളെ സ്‌നാനത്തിൽ സ്വീകരിക്കുകയോ ഏതെങ്കിലും രീതിയിൽ ക്രിസ്തീയ സ്വാതന്ത്ര്യം ഉപയോഗിക്കാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്. അവർ പോപ്പിലേക്കും അവന്‍റെ അധികാരികളിലേക്കും യഥാർത്ഥത്തിൽ സാത്താനിലേക്കും തിരിഞ്ഞുകൊള്ളട്ടെ കൂടാതെ അവരുടെ മാതാപിതാക്കളും മേലധികാരികളും അവർക്ക് ഭക്ഷണവും വെള്ളവും കൊടുക്കാൻ പാടില്ല. ഇത്തരം മര്യാദയില്ലാത്തവരെ ഭരണാധികാരികൾ രാജ്യത്തിൽ നിന്നും പുറത്താക്കുമെന്നും അവരോടു പറയേണ്ടതാണ്!

ശക്തി പ്രയോഗിച്ചുകൊണ്ട്‌ ആരെയും വിശ്വസിപ്പിക്കാനാവില്ല, ശക്തി പ്രയോഗിക്കാൻ പാടില്ലെങ്കിലും നിർബന്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാവാം. അതിലൂടെ അവർ വസിക്കയും ജീവിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന സമൂഹത്തിൽ ശരിയും തെറ്റും എന്താണെന്ന് അവർക്ക് മനസ്സിലാകും. ഒരു പ്രത്യേക പട്ടണത്തിൽ താമസിക്കാനാഗ്രഹിക്കുന്ന വ്യക്തി, നിയമം നല്കുന്ന സംരക്ഷണം ആസ്വദിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് ആ വ്യക്തി ഒരു വിശ്വാസിയായിരുന്നാലും അല്ലെങ്കിൽ സ്വകാര്യജീവിതത്തിലും ഹൃദയത്തിലും ഒരു തെമ്മാടി അല്ലെങ്കിൽ പോക്കിരിയായിരുന്നാലും ആ പട്ടണത്തിലെ നിയമങ്ങൾ അറിഞ്ഞിരിക്കുകയും അനുസരിക്കുകയും വേണം.

രണ്ടാമതായി, അവർ ഈ പാഠഭാഗങ്ങൾ ശരിയായി ഗ്രഹിച്ചതിനുശേഷം അതിന്‍റെ അർത്ഥം എന്താണെന്നറിയേണ്ടതിന് വിശദമായി പഠിപ്പിച്ചുകൊടുക്കേണ്ടതാണ്. ഈ പട്ടികയിൽനിന്ന് ഒരു മാതൃകയോ അല്ലെങ്കിൽ ഏകരൂപമുള്ള മറ്റേതെങ്കിലും മാതൃകയോ നിങ്ങളുടെ ഇഷ്ടമനുസരിച്ചു തിരഞ്ഞെടുക്കാം. എന്നാൽ അതിൽ ഉറച്ചുനില്ക്കണമെന്നുമാത്രം. പാഠമൊന്നുമാത്രം, ഭാഗത്തെക്കുറിച്ച് ഇവിടെ പറഞ്ഞിട്ടുള്ളതുപോലെ അതിലെ ഒരു വാക്കുപോലും മാറ്റാൻ പാടില്ല. ഇതിനുവേണ്ടി  ആവശ്യമായ സമയം ചെലവഴിക്കേണ്ടതാണ്. എല്ലാഭാഗങ്ങളും ഒരുമിച്ച് പഠിപ്പിക്കേണ്ട ആവശ്യമില്ല, ഒന്നിനുശേഷം മറ്റൊന്ന് എന്ന ക്രമം മതിയാകും. ഒന്നാം കൽപ്പന മനസ്സിലാക്കിയതിനു ശേഷം രണ്ടാമത്തേത് വിശദീകരിക്കാം, ഈ മാതൃക തുടരുകയും ചെയ്യാം, അല്ലെങ്കിൽ ഒന്നും ശരിയായി ഓർമിക്കാൻ കഴിയാത്ത രീതിയിൽ വികാരാധിക്യത്താൽ തളർന്നുപോകും.

മൂന്നാമതായി, ഈ ചെറിയ കറ്റേക്കിസ്മുസ് പഠിപ്പിച്ചതിനുശേഷം കൂടുതൽ സമൃദ്ധവും പൂർണവുമായ അറിവു ലഭിക്കത്തക്ക രീതിയിൽ വലിയ കറ്റേക്കിസ്മുസ് പഠിപ്പിക്കാവുന്നതാണ്. ഓരോരോ കൽപ്പനകൾക്കും അപേക്ഷകൾക്കും കൂടുതൽ വിശദീകരണങ്ങളും ഓരോ ഭാഗങ്ങളും അതിന്റെ വിവിധതരത്തിലുള്ള വിശദീകരണങ്ങളും അവയുടെ ഉപയോഗം അനുഗ്രഹങ്ങൾ അപകടങ്ങൾ മുറിവുകൾ എന്നിവയെക്കുറിച്ചെല്ലാം അനേകം പുസ്തകങ്ങളിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇവിടെ വളരെ വിശദമായി എഴുതിയിട്ടുണ്ട്. ജനങ്ങളുടെ ഇടയിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന കൽപ്പനകൾക്കോ അല്ലെങ്കിൽ ഏതെങ്കിലും ഭാഗങ്ങൾക്കോ പ്രത്യേക പരിഗണന നല്കുക, ഉദാഹരണമായി യന്ത്രപ്പണികളിലേർപ്പെടുന്നവർ, കച്ചവടക്കാർ, കർഷകർ, ജോലിക്കാർ എന്നി വർക്കായി മോഷണത്തെക്കുറിച്ചുള്ള ഏഴാം കൽപ്പനയ്ക്ക് പ്രാധാന്യം സത്യസന്ധതയില്ലായ്മയും മോഷണവും നിലനില്ക്കുന്നുണ്ട്. അതുപോലെ കുട്ടികൾക്കും സാധാരണ ജനങ്ങൾക്കും വേണ്ടി നാലാം കൽപ്പനയ്ക്ക് പ്രാധാന്യം നല്കിയാൽ അവർ ശാന്തമാനസരും വിശ്വസ്തരും അനുസരണയുള്ളവരും മാത്രമല്ല സമാധാനമുള്ളവരുമായിത്തീരും. ദൈവം എങ്ങനെയാണ് ഇത്തരം വ്യക്തികളെ ശിക്ഷിച്ചത്, അല്ലെങ്കിൽ അനുഗ്രഹിച്ചതെന്ന് വെളിപ്പെടുത്താൻ നിങ്ങൾക്ക് തിരുവെഴുത്തുകളിൽനിന്നും വളരെയധികം ഉദാഹരണങ്ങൾ നല്കാനാകും.

ഈ വിഷയത്തിൽ ഭരണകർത്താക്കളും മാതാപിതാക്കളും ശരിയായ ഭരണനിർവഹണത്തിന് അവരുടെ മക്കളെ വിദ്യാലയങ്ങളിൽ അയക്കേണ്ടതിന് ഉത്സാഹിപ്പിക്കേണ്ടതാണ്. എന്തു കൊണ്ടാണ് ഇത് അവരുടെ ചുമതലയായിരിക്കുന്നതെന്നും എന്നാൽ അവർ അതിനോട് നിസ്സഹകരിച്ചാൽ അതെന്തുമാത്രം ദോഷകരമായ പാപമായിരിക്കുമെന്നും അവർക്ക് കാണിച്ചു കൊടുക്കേണ്ടതാണ്. എന്നാൽ അത്തരം അവഗണനയാൽ അവർ ദൈവരാജ്യത്തെയും ലോകത്തെയും മറിച്ചിടുകയായിരിക്കും ചെയ്യുക. ദൈവത്തിന്‍റെയും ജനങ്ങളുടെയും വ്യത്തികെട്ട ശത്രുക്കളായിട്ടാണവർ പ്രവർത്തിക്കുന്നത്. കുഞ്ഞുങ്ങളെ ശുശ്രൂഷകന്മാരും ഉപദേഷ്ടാക്കന്മാരും ജീവിതത്തിലെ മറ്റ് ഒഴിച്ചുകൂടാത്ത ജോലികൾക്കുമായി പരിശീലനത്തിന് അയയ്ക്കാത്തവർ എത്ര ഭയങ്കരമായ ദോഷമാണ് ചെയ്യുന്നതെന്ന് അവർക്ക് വ്യക്തമാക്കിക്കൊടുക്കേണ്ടതാണ്. ഈ പരാജയത്തിന് ദൈവം അതിഭയങ്കരമായ ശിക്ഷ നല്കുന്നതാണ്. അതുകൊണ്ട് ഇതിനെക്കുറിച്ച് പ്രസംഗിക്കേണ്ടതായ സാഹചര്യം നിലനില്ക്കുന്നുണ്ട്. ഈ വിഷയത്തിൽ മാതാപിതാക്കളും ഭരണാധികാരികളും പറയാൻ സാധിക്കാത്ത രീതിയിൽ പാപം ചെയ്യുകയാണ്. ഈ കാരണങ്ങളാൽ സാത്താനും അതിക്രൂരമായതെന്തോ നടപ്പിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

അവസാനമായി, പോപ്പിന്‍റെ സ്വേച്ഛാധിപത്യത്തിന് വിരാമമായതുകൊണ്ട് ജനങ്ങൾ സാക്രമെന്‍റിൽ പങ്കെടുക്കാതെ അതിനെ നിന്ദിക്കുകയാണ്. ഇവിടെയും പ്രോത്സാഹനം ആവശ്യമാണ്, എന്നാൽ ഇവിടെ സൂചിപ്പിക്കുന്ന ധാരണയിലായിരിക്കണമെന്നുമാത്രം. വിശ്വസിക്കുന്നതിനോ അല്ലെങ്കിൽ സാക്രമെന്‍റ് സ്വീകരിക്കുന്നതിനോ നമ്മൾ ആരെയും നിർബന്ധിക്കുന്നില്ല. മാത്രമല്ല നമ്മൾ ഏതെങ്കിലും നിമയങ്ങളുണ്ടാക്കുന്നില്ലാ, അതിലേയ്ക്കായി സമയമോ സ്ഥലമോ നിശ്ചയിക്കുന്നില്ല. പകരം, ഞങ്ങളെത്തന്നെ നിർബന്ധിക്കുകയും അത് സാക്രമെന്‍റ് അനുഷ്ഠിക്കുന്നതിന് ശുശ്രൂഷകന് പ്രേരണയായി ത്തീരുന്നതിനുമായി ഞങ്ങൾ പ്രബോധിപ്പിക്കുകയാണ് ചെയ്യുന്നത്, അവർക്ക് നല്കുന്ന മുന്നറിയിപ്പ് ഇപ്രകാരമാണ്. വർഷത്തിൽ നാലു പ്രാവശ്യമെങ്കിലും സാക്രമെന്‍റിനെക്കുറിച്ച് അന്വേഷിക്കുകയോ അല്ലെങ്കിൽ ആഗ്രഹിക്കുകയോ ചെയ്യാത്ത ഒരു വ്യക്തി ഒരു ക്രിസ്ത്യാനിയല്ലയെന്നും സാക്രമെന്‍റിനെ നിന്ദിക്കുന്നവ നാണെന്നും ഭയപ്പെടേണ്ടതാണ്, സുവിശേഷം കേൾക്കുകയോ അല്ലെങ്കിൽ വിശ്വസിക്കുകയോ ചെയ്യാത്ത ഒരു വ്യക്തി ഒരു ക്രിസ്ത്യാനി അല്ലാതിരിക്കുന്നതുപോലെ. ഇതിനെ “ഒഴിവാക്കുക” അല്ലെങ്കിൽ “നിന്ദിക്കുക” എന്നു ക്രിസ്തു പറഞ്ഞിട്ടില്ല, എന്നാൽ ഇതു കുടിക്കുമ്പോഴൊക്കെയും എൻറ ഓർമയ്ക്കായി ചെയ് വിന്‍. അതുപോലെയുള്ള മറ്റുവാക്കുകളും പറഞ്ഞിട്ടുണ്ട് ഇതിനെ പൂർണമായും അവഗണിക്കാനോ നിന്ദിക്കാനോ അല്ല, യഥാർത്ഥമായി ഇതു ചെയ്യണമെന്നാണവന്‍റെ ആഗ്രഹം. അവൻ പറയുന്നതിതാണ് “ഇതു ചെയ് വിന്‍.”

സാക്രമെന്‍റിനെ വിലമതിക്കാത്തവൻ വെളിപ്പെടുത്തുന്നത്, അവൻ പാപം, പിശാച്, ലോകം, മരണം, ആപത്ത്, നരകം എന്നിവ ഇല്ലെന്നാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാൽ അവൻ ഈ കാര്യങ്ങളൊന്നിലും വിശ്വസിക്കുന്നില്ല. കാരണം അവന്‍റെ തലയും ചെവികളുമെല്ലാം ഇവയിലുൾ പ്പെട്ടിരിക്കുകയാണ്. അതുകൊണ്ടവനെ പിശാചിന്‍റെ മകനെന്ന് രണ്ടു വട്ടം പറയാവുന്നതാണ്. മറിച്ച് അവൻ കൃപയോ ജീവനോ പറുദീസയോ സ്വർഗമോ ദൈവമോ അല്ലെങ്കിൽ നന്മയായതൊന്നും ആവശ്യമില്ലെന്നാണ്. എന്തുമാത്രം തിന്മ അവൻറ ചുറ്റിലുമുണ്ടെന്നും എന്തുമാത്രം നന്മ ആവശ്യമായിരിക്കുന്നു എന്നും അവൻ വിശ്വസിച്ചാൽ തിന്മയ്ക്ക് പരിഹാരവും നന്മകൾ വർഷിക്കപ്പെടുകയും സാക്രമെന്‍റിനെ അവഗണിക്കാതിരിക്കാനാകും. സാക്രമെന്‍റിലേക്ക് മടങ്ങാൻ നിയമംമൂലം അവനെ നിർബന്ധിക്കേണ്ട ആവശ്യമില്ല, പക്ഷെ അവൻ സ്വമേധയാ ഓടിയെത്തി നിങ്ങളോട് സാക്രമെന്‍റിനായി അപേക്ഷിക്കുകയും വേണം.

അതുകൊണ്ട് പോപ്പ് ചെയ്തതുപോലെ ഇതിനായി നിയമങ്ങളുണ്ടാക്കാതിരിക്കാം. ഈ സാക്രമെന്റുമായി ബന്ധപ്പെട്ട നന്മകൾ, ദോഷങ്ങൾ ആവശ്യവും ഉപയോഗവും അപകടങ്ങൾ അനുഗ്രഹങ്ങൾ എന്നിവയെക്കുറിച്ചും മാത്രം വ്യക്തമാക്കാം. അപ്പോൾ നിങ്ങളുടെ നിർബന്ധം കൂടാതെ സ്വന്തം ഇഷ്ടമനുസരിച്ച് അവർ മുന്നോട്ടുവരും. എന്നാൽ, അവർ മടങ്ങിവരുന്നില്ലെങ്കിൽ അവരുടെ വഴിക്ക് പോകാനനുവദിക്കയും ദൈവത്തിന്‍റെ കൃപാകരമായ സഹായം ഒരു വലിയ ആവശ്യമാണെന്ന് ഉണരുകയോ പരിഗണിക്കുകയോ ചെയ്യാത്ത അവർ പിശാചിനുള്ളവരാണെന്ന് അവരോട് പറയുകയും ചെയ്യേണ്ടതാണ്. ഇതിന് നിങ്ങൾ നിർബന്ധിത രാകുന്നില്ലെങ്കിൽ, അല്ലെങ്കിൽ നിയമനിർമ്മാണം നത്തുകയോ അതുമല്ലെങ്കിൽ കഠിനമാക്കി തീർക്കുകയോ ചെയ്യുന്നുവെങ്കിൽ അവർ സാക്രമെന്‍റിനെ നിന്ദിക്കുന്നത് നിങ്ങളുടെ കുറ്റമായിത്തീരും. നിങ്ങൾ മൗനികളും ഉറങ്ങുന്നവരുമായാൽ അവർ അലസരാകാ തെന്തുചെയ്യും. അതുകൊണ്ട് ശുശ്രൂഷകന്മാരും ഉപദേഷ്ടാക്കന്മാരും ഈ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. പോപ്പിന്റെ കീഴിലുണ്ടായിരുന്നതിനെ ക്കാൾ വ്യത്യാസമായ ചുമതലകളാണ് ഇപ്പോൾ നമുക്കുള്ളത്. ഇപ്പോഴുള്ളതാകട്ടെ ഗൗരവമേറിയതും രക്ഷയ്ക്ക് സഹായിക്കുന്ന ശുശ്രൂഷകളുമാണ്. കൂടുതൽ കഷ്ടതകളും അദ്ധ്വാനവും അപകടവും പരീക്ഷകളും ഇപ്പോൾ ഇതിലുൾപ്പെടുന്നു. ഇതിനുപുറമേ ഇത് ലോകത്തിൽനിന്നും കുറച്ചു പ്രതിഫലവും നന്ദിയും മാത്രമേ നിങ്ങൾക്ക് നേടിത്തരുന്നുള്ളൂ. എന്നാൽ നമ്മൾ വിശ്വസ്തതയോടെ അദ്ധ്വാനിച്ചാൽ ക്രിസ്തുവിനെ ത്തന്നെയാണ് നമുക്ക് പ്രതിഫലമായി ലഭിക്കുക ഇത് ശരിയായി ചെയ്യാൻ എല്ലാവരുടെയും പിതാവായ ദൈവത്തിന്റെ കൃപ നമ്മെ സഹായിക്കട്ടെ. കർത്താവായ ക്രിസ്തു നിമിത്തം അവനു മാത്രം സ്തുതിയും സ്‌തോത്രവും എന്നെന്നേക്കും തന്നെ. ആമേൻ.

I. പത്ത് കൽപ്പനകൾ

The Ten Commandments

കുടുംബത്തലവൻ തന്‍റെ വീട്ടിലുള്ള എല്ലാവരെയും ഏറ്റവും ലളിതമായി പഠിപ്പിക്കണം.

ഒന്നാം കൽപ്പന

ഞാനല്ലാതെ വേറെ ദേവൻമാർ നിനക്കുണ്ടാകരുത്. മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നീ നിർമിക്കരുത്. അവയ്ക്കു മുൻപിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

നാം ദൈവത്തെ എല്ലാറ്റിനും മീതെ ഭയപ്പെടുകയും സ്‌നേഹിക്കയും ആശ്രയിക്കയും ചെയ്യണം.

രണ്ടാം കൽപ്പന

നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

ദൈവത്തിന്‍റെ നാമത്തെ ശാപം, കള്ളയാണ, ക്ഷുദ്രം, മന്ത്രവാദം, വ്യാജം, വഞ്ചന എന്നിവയ്ക്കായി ഉപയോഗിക്കാതെ എല്ലാ സങ്കടങ്ങളിലും അവന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കയും പ്രാർത്ഥിക്കയും സ്തുതിക്കയും നന്ദിപറകയും ചെയ്യുന്നതിന് നാം ദൈവത്തെ ഭയപ്പെടുകയും സ്നേഹിക്കയും ചെയ്യണം.

മൂന്നാം കൽപ്പന

ശബ്ബത്തു നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

നാം പ്രസംഗത്തെയും ദൈവവചനത്തെയും നിരസിക്കാതെ, അവ വിശുദ്ധമായവ എന്നു വിചാരിച്ച്, അവയെ സന്തോഷത്തോടു കേൾക്കയും പഠിക്കയും ചെയ്യുന്നതിന് നാം ദൈവത്തെ ഭയപ്പെടുകയും സ്നേഹിക്കയും ചെയ്യണം.

നാലാം കൽപ്പന

നിനക്കു നന്നായിരിപ്പാനും ദീർഘായുസ്സ് ഉണ്ടാകുവാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

നമ്മുടെ മാതാപിതാക്കന്മാരെയും യജമാനന്മാരെയും നിസ്സാരമാക്കുകയോ, കോപിപ്പിക്കുകയോ ചെയ്യാതെ അവരെ ബഹുമാനിക്കയും സേവിക്കയും അനുസരിക്കയും അവരെ സ്നേഹത്തിലും വണക്കത്തിലും ആദരിക്കയും ചെയ്യുന്നതിന് നാം ദൈവത്തെ ഭയപ്പെടുകയും സ്നേഹിക്കയും ചെയ്യണം.

അഞ്ചാം കൽപ്പന

കൊല ചെയ്യരുത്.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

നമ്മുടെ കൂട്ടുകാരന് അവന്‍റെ ശരീരത്തിൽ വേദനയോ ഉപദ്രവമോ ഉണ്ടാക്കാതെ എല്ലാ ശരീര ആവശ്യങ്ങളിലും അവനെ താങ്ങി സഹായിക്കുന്നതിന് നാം ദൈവത്തെ ഭയപ്പെടുകയും സ്നേഹിക്കയും ചെയ്യണം.

ആറാം കൽപ്പന

വ്യഭിചാരം ചെയ്യരുത്.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

നാം വാക്കിലും പ്രവൃത്തിയിലും നിർമ്മലവും അടക്കവുമായി ജീവിക്കുന്നതിനും ഭാര്യാഭർത്താക്കന്മാർ അന്യോന്യം സ്നേഹിക്കയും മാനിക്കയും ചെയ്യുന്നതിനും നാം ദൈവത്ത ഭയപ്പെടുകയും സ്നേഹിക്കയും ചെയ്യണം.

ഏഴാം കൽപ്പന

മോഷ്ടിക്കരുത്.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

നാം നമ്മുടെ കൂട്ടുകാരന്‍റെ പണമോ വസ്തുവോ എടുക്കാതെയും, അവയെ കള്ള വ്യാപാര സാമാനത്താലോ ചതിപ്രയോഗത്താലോ കൈക്കലാക്കാതെയും അവന്‍റെ വസ്തുവിനെയും ജോലിയെയും നന്നാക്കുവാനും സൂക്ഷിപ്പാനും അവന് സഹായിക്കുന്നതിന് നാം ദൈവത്തെ ഭയപ്പെടുകയും സ്നേഹിക്കയും ചെയ്യണം.

എട്ടാം കൽപ്പന

കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

നാം നമ്മുടെ കൂട്ടുകാരനോട് വഞ്ചനയായി കള്ളം പറയുകയോ അവന്‍റെ രഹസ്യങ്ങളെ വെളിവാക്കുകയോ അവന് ദുഷ്പ്രവാദം പറയുകയോ അവനെ അപകീർത്തിപ്പെടുത്തുകയോ ചെയ്യാതെ അവനെ താങ്ങിപ്പറയുകയും അവനെക്കുറിച്ച് നന്മ സംസാരിക്കുകയും എല്ലാറ്റിലും അവനെ ദയവായി നിദാനിക്കുകയും ചെയ്യുന്നതിന് നാം ദൈവത്ത ഭയപ്പെടുകയും സ്നേഹിക്കയും ചെയ്യണം.

ഒൻപതാം കൽപ്പന

കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

നാം നമ്മുടെ കൂട്ടുകാരന്‍റെ അവകാശത്തെയോ ഭവനത്തയോ ഉപായംകൊണ്ട് കൈക്കലാക്കുവാൻ ശ്രമിക്കാതെയും ന്യായം എന്ന് തോന്നും വിധത്തിൽ സ്വന്തമാക്കാതെയും അവയെ സൂക്ഷിക്കാനായി അവന് സഹായിക്കുന്നതിനു നാം ദൈവത്തെ ഭയപ്പെടുകയും സ്നേഹിക്കയും ചെയ്യണം.

പത്താം കൽപ്പന

കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

നാം നമ്മുടെ കൂട്ടുകാരന്‍റെ ഭാര്യയെയോ വേലക്കാരെയോ കന്നുകാലികളെയോ അവനിൽനിന്ന് മനസ്സകറ്റുകയോ ബലാൽക്കാരമായി എടുക്കുകയോ വശീകരിക്കുകയോ ചെയ്യാതെ അവർ അവന്‍റെ കൂടെ താമസിച്ചു ചെയ്യേണ്ടിയതു ചെയ്യുന്നതിന് അവരെ ഉത്സാഹിപ്പിക്കുന്നതിന് നാം ദൈവത്തെ ഭയപ്പെടുകയും സ്നേഹിക്കയും ചെയ്യണം.

കൽപ്പനകളുടെ അന്ത്യഭാഗം

ഈ എല്ലാ കൽപ്പനകളെയും സംഗ്രഹിച്ച് ദൈവം അരുളിച്ചെയ്യുന്നത് എന്ത്?

ഉത്തരം:

ദൈവം പുറ. 20:5-6 ൽ ഇങ്ങനെ അരുളിച്ചെയ്യുന്നു: “നിന്‍റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ച് എന്‍റെ കൽപ്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു”.

ഇതിന്‍റെ അർത്ഥം എന്ത്?

ദൈവം തന്‍റെ കൽപ്പനകളെ ലംഘിക്കുന്ന എല്ലാവരെയും ശിക്ഷിക്കും എന്ന് ഭയപ്പെടുത്തുന്നതു കൊണ്ട് നാം അവന്‍റെ കോപത്തെ പേടിച്ച് അവയ്ക്ക് എതിരായി പ്രവർത്തിക്കരുത്. എന്നാൽ ഈ കൽപ്പനകളെ പ്രമാണിക്കുന്ന എല്ലാവർക്കും അവൻ കൃപയും എല്ലാ അനുഗ്രഹങ്ങളും വാഗ്ദത്തം ചെയ്യുന്നതുകൊണ്ട് നാം അവനെ സ്നേഹിക്കയും അവനിൽ ആശയിക്കയും അവന്‍റെ കൽപ്പനകളെ മനസ്സോടെ അനുസരിക്കയും ചെയ്യണം.

II. ക്രിസ്തീയ വിശ്വാസപ്രമാണം

The Creed

കുടുംബത്തലവൻ തന്‍റെ വീട്ടിലുള്ള എല്ലാവരെയും ഏറ്റവും ലളിതമായി പഠിപ്പിക്കണം.

ഒന്നാം അംശം
സൃഷ്ടിപ്പിനെക്കുറിച്ച്

സർവ്വശക്തിയുള്ള പിതാവായി ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

ദൈവം എന്നെയും സർവ്വ സൃഷ്ടികളെയും ഉണ്ടാക്കി. എനിക്ക് ശരീരത്തെയും ആത്മാവിനെയും കണ്ണ്, ചെവി മുതലായ സകല അവയവങ്ങളെയും ബുദ്ധിയെയും സകല ഇന്ദ്രിയങ്ങളെയും നല്കി ഇതുവരെയും പരിപാലിച്ചുവരുന്നതു കൂടാതെ വസ്ത്രം , ചെരിപ്പ്, അന്നം, പാനീയം, വീട്, പുരയിടം, ഭാര്യ, മക്കൾ, നിലം, കന്നുകാലി മുതലായി എന്‍റെ ശരീരത്തെയും ജീവനെയും പോറ്റുവാൻ എനിക്ക് ആവശ്യമായ എല്ലാറ്റിനെയും ദിവസംതോറും ധാരാളമായി തരികയും എല്ലാ ആപത്തുകളിൽനിന്നും എന്നെ രക്ഷിക്കുകയും എല്ലാ ദോഷങ്ങളിലുംനിന്ന് എന്നെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അവൻ ഇവയെല്ലാം പിതൃയോഗ്യമായ ദൈവിക ദയയാലും കരുണയാലും യാതൊരു പുണ്യവും യോഗ്യതയും ഇല്ലാത്ത എനിക്ക് ചെയ്തു വരുന്നു. ഇത് എല്ലാറ്റിനും ഞാൻ അവന് നന്ദി പറയുവാനും സ്‌തോത്രം ചെയ്യുവാനും അവനെ അനുസരിച്ചു സേവിപ്പാനും കടപ്പെട്ടിരിക്കുന്നു. ഇത് സത്യം തന്നെ.

രണ്ടാം അംശം
വീണ്ടെടുപ്പിനെക്കുറിച്ച്

അവന്‍റെ ഏകപുത്രനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിലും ഞാൻ വിശ്വസിക്കുന്നു. ആയവൻ പരിശുദ്ധാത്മാവിനാൽ ഉല്പ്പാദിക്കപ്പെട്ടു, കന്യകമറിയയിൽ ജനിച്ചു, പൊന്തിയോസ് പീലാത്തോസിന്‍റെ കീഴിൽ കഷ്ടം അനുഭവിച്ചു, ക്രൂശിക്കപ്പെട്ടു മരിച്ചു, അടക്കപ്പെട്ടു, അവൻ പാതാളത്തിലേക്ക് ഇറങ്ങി, മൂന്നാം ദിവസം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗാരോഹണം ചെയ്ത് സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലത്തു ഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് അവൻ ജീവനുള്ളവരെയും മരിച്ചവരെയും ന്യായം വിധിപ്പാൻ വരികയും ചെയ്യും.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

പിതാവിൽനിന്ന് അനാദികാലത്തിൽ ജനിച്ച സാക്ഷാൽ ദൈവവും കന്യകമറിയയിൽനിന്ന് ജനിച്ച സാക്ഷാൽ മനുഷ്യനും ആയ യേശുക്രിസ്തു എന്‍റെ കർത്താവാകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അവൻ ഈ അരിഷ്ടനും ശിക്ഷയ്ക്ക വിധിക്കപ്പെട്ടവനുമായ എന്നെ വീണ്ടെടുക്കയും സർവ്വ പാപങ്ങളിൽനിന്നും പിശാചിന്‍റെ അധികാരത്തിൽനിന്നും വിലയ്ക്ക വാങ്ങിക്കയും കൊള്ളയായി സമ്പാദിക്കയും ചെയ്തു പൊൻവെള്ളികളാൽ അല്ല, തന്‍റെ വിശുദ്ധ വിലയേറിയ രക്ത ത്താലും കുറ്റമില്ലാത്തവനായി അനുഭവിച്ച കഷ്ടപ്പാടിനാലും മരണത്താലും അതേ; ഞാൻ അവന്‍റെ സ്വന്തമായി അവൻ മരിച്ച വരിൽനിന്ന് ഉയിർത്തെഴുന്നേറ്റു നിത്യമായി ജീവിച്ചു വാഴും പ്രകാരം ഞാൻ അവന്‍റെ കീഴിൽ അവന്‍റെ രാജ്യത്തിൽ ജീവിച്ച് നിത്യനീതിയിലും നിർമ്മലതയിലും ഭാഗ്യത്തിലും അവനെ സേവിച്ചു പോരേണ്ടതിനു തന്നെ. ഇത് സത്യം തന്നെ.

മൂന്നാം അംശം
വിശുദ്ധീകരണത്തെക്കുറിച്ച്

പരിശുദ്ധാത്മാവിൽ ഞാൻ വിശ്വസിക്കുന്നു. വിശുദ്ധന്മാരുടെ കൂട്ടമാകുന്ന വിശുദ്ധ ക്രിസ്തീയസഭയും പാപമോചനവും ശരീരത്തിന്‍റെ പുനരുത്ഥാനവും നിത്യജീവനും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

സ്വന്ത ബുദ്ധിയാലോ ശക്തിയാലോ എന്‍റെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിപ്പാനോ അവന്‍റെ അടുക്കൽ വരുവാനോ എനിക്ക് കഴിവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ പരിശുദ്ധാത്മാവു സുവിശേഷം മുഖാന്തരം എന്നെ വിളിക്കയും തന്‍റെ വരങ്ങളോടുകൂടെ എന്നെ പ്രകാശിപ്പിക്കയും സത്യവിശ്വാസത്തിൽ എന്നെ ശുദ്ധീകരിക്കയും കാത്തുവരികയും ചെയ്തിരിക്കുന്നു. അവൻ ഭൂമിയിലുള്ള ക്രിസ്തീയ സഭയെ മുഴുവനും വിളിച്ചു കൂട്ടിച്ചേർത്തു പ്രകാശിപ്പിച്ചു വിശുദ്ധീകരിച്ചു ഏകസത്യവിശ്വാസത്തിൽ യേശു ക്രിസ്തുവിങ്കൽ സൂക്ഷിച്ചുവരുന്നതു പോലെ തന്നെ. ഈ ക്രിസ്തീയസഭയിൽ അവൻ ദിവസേന എന്നോടും സർവ്വ വിശ്വാസികളോടും എല്ലാ പാപങ്ങളെയും ധാരാളമായി ക്ഷമിക്കയും അവസാന നാളിൽ എന്നെയും മരിച്ച എല്ലാവരെയും ഉയിർത്തെഴുന്നേല്പ്പിക്കയും എനിക്കും ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവനെ നൽകുകയും ചെയ്യും. ഇത് സത്യം തന്നെ.

III. കർത്താവിന്‍റെ പ്രാർത്ഥന

The Lord’s Prayer

കുടുംബത്തലവൻ തന്‍റെ വീട്ടിലുള്ള എല്ലാവരെയും ഏറ്റവും ലളിതമായി പഠിപ്പിക്കണം.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

(പിയ മക്കൾ തങ്ങളുടെ പ്രിയ അച്ഛനോട് അപേക്ഷിക്കുന്നതുപോലെ ദൈവം നമ്മുടെ സാക്ഷാൽ പിതാവ് എന്നും നാം അവന്‍റെ സാക്ഷാൽ മക്കൾ എന്നും വിശ്വസിച്ചു ധൈര്യത്തോടും നിശ്ചയത്തോടും കൂടെ നാം ദൈവത്തോട് അപേക്ഷിക്കേണ്ടതിന് അവൻ ഈ വാക്കുകളെക്കൊണ്ടു നമ്മെ വാത്സല്യത്തോടെ ഉത്സാഹിപ്പിക്കുന്നു.

ഒന്നാം അപേക്ഷ

നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടണമേ.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

ദൈവനാമം തന്നിൽത്തന്നെ ശുദ്ധമായുള്ളതാകുന്നു. എന്നാൽ അത് നമ്മിലും ശുദ്ധീകരിക്കപ്പെടണം എന്ന് ഈ അപേക്ഷയിൽ നാം പ്രാർത്ഥിക്കുന്നു.

ഇത് എങ്ങനെ സാധിക്കും?

ഉത്തരം:

ദൈവവചനം അതിന്‍റെ സത്യതയിലും നിർമ്മലതയിലും പഠിപ്പിക്കപ്പെടുകയും നാം ദൈവമക്കൾ ആയി അതിൻ പ്രകാരം വിശുദ്ധിയിൽ ജീവിക്കയും ചെയ്യുന്നതിനാൽ അതേ. സ്വർഗ്ഗസ്ഥനായ പ്രിയ പിതാവേ, ഇതിന് ഞങ്ങൾക്ക് സഹായിക്കണമേ. എന്നാൽ ദൈവവചനത്തിന് വിപരീതമായി ഉപദേശിക്കയും ജീവിക്കയും ചെയ്യുന്നവൻ നമ്മുടെ ഇടയിൽ ദൈവ നാമത്തെ അശുദ്ധമാക്കുന്നു. പ്രിയ സ്വർഗ്ഗസ്ഥ പിതാവേ, ഇതിൽ അകപ്പെടാതവണ്ണം ഞങ്ങളെ കാക്കണമേ.

രണ്ടാം അപേക്ഷ

നിന്‍റെ രാജ്യം വരണമേ.

ഇത് എങ്ങനെ സാധിക്കും?

ഉത്തരം:

ദൈവരാജ്യം നമ്മുടെ പ്രാർത്ഥന കൂടാതെ താനേ തന്നെ വരുന്നുണ്ടെങ്കിലും അതു നമ്മിലേക്കും വരണം എന്ന് ഈ അപേക്ഷയിൽ നാം പ്രാർത്ഥിക്കുന്നു.

ഇത് എങ്ങനെ സംഭവിക്കും?

ഉത്തരം:

നാം ദൈവകൃപയാൽ അവന്‍റെ തിരുവചനത്ത വിശ്വസിച്ച് ദൈവഭക്തിയുള്ള ജീവിതം കഴിക്കേണ്ടതിന് സ്വർഗ്ഗസ്ഥ പിതാവ് തന്‍റെ പരിശുദ്ധാത്മാവിനെ നമുക്ക് തരുന്നതിനാൽ അത് ഇഹത്തിലും പരത്തിലും നമ്മിലേക്കു വരും.

മൂന്നാം അപേക്ഷ

നിന്‍റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

നന്മയും കൃപയുമുള്ള ദൈവേഷ്ടം നമ്മുടെ പ്രാർത്ഥന കൂടാതെ നിറവേറുന്നുണ്ടെങ്കിലും അത് നമ്മുടെ ഇടയിലും നിറവേറണം എന്ന് ഈ അപേക്ഷയിൽ നാം പ്രാർത്ഥിക്കുന്നു.

ഇത് എങ്ങനെ സാധിക്കും?

ഉത്തരം:

ദൈവനാമത്തിന്‍റെ വിശുദ്ധീകരണത്തിനും ദൈവരാജ്യത്തിന്‍റെ വരവിനും എതിർനിൽക്കുന്ന പിശാചിന്‍റെയും ലോകത്തിന്‍റെയും ജഡത്തിന്‍റെയും ദുഷ്ട ആലോചനയും ഇഷ്ടവും ദൈവം നിർമ്മൂലമാക്കുകയോ തടുക്കുകയോ ചെയ്തു, തന്‍റെ വചനത്തിലും വിശ്വാസത്തിലും നമ്മെ ബലപ്പെടുത്തി, നമ്മുടെ അവസാനത്തോളം നമ്മെ സ്ഥിരമുള്ളവരായി കാത്തുകൊള്ളുന്നതിനാൽ തന്നെ. ഇത് അവന്‍റെ കൃപയും നന്മയുമുള്ള ഇഷ്ടമാകുന്നു.

നാലാം അപേക്ഷ

ഞങ്ങളുടെ ദിവസവുമുള്ള ആഹാരം ഞങ്ങൾക്ക് ഇന്നു തരണമേ.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

ദൈവം നമ്മുടെ പ്രാർത്ഥന കൂടാതെ, എല്ലാ മനുഷ്യർക്കും, ദുഷ്ടർക്കും കൂടെ ദിവസവുമുള്ള ആഹാരം കൊടുക്കുന്നു. എന്നാൽ അത് അവന്‍റെ ദാനം എന്ന് നാം അറിയുന്നതിനും നന്ദിയോടെ അതിനെ കൈക്കൊള്ളുന്നതിനും ദൈവം നമ്മെ പ്രാപ്തരാക്കണം എന്ന് ഈ അപേക്ഷയിൽ നാം പ്രാർത്ഥിക്കുന്നു.

ദിവസവുമുള്ള ആഹാരം എന്നാൽ എന്താകുന്നു?

ഉത്തരം:

അന്നം, പാനീയം, വസ്ത്രം , ചെരിപ്പ്, വീട്, പറമ്പ്, നിലം, കന്നുകാലി, പണം, വസ്തുവക, ഭക്തിയുള്ള ഭാര്യയോ ഭർത്താവോ, ഭക്തിയുള്ള മക്കൾ, ഭക്തിയുള്ള വേലക്കാർ, ഭക്തിയും വിശ്വസ്തതയുമുള്ള രാജ്യാധികാരികൻ, നല്ല രാജ്യ ഭരണം, പ്രയോജനമുള്ള കാലാവസ്ഥ, സമാധാനം, സൗഖ്യം, അനുസരണം, മാനം, നല്ല സ്നേഹിതർ, വിശ്വസ്ത അയൽക്കാർ മുതലായി ശരീരപാലനത്തിനും ആവശ്യങ്ങൾക്കും വേണ്ടിയവ എല്ലാം തന്നെ.

അഞ്ചാം അപേക്ഷ

ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപക്കടങ്ങളെ ഞങ്ങളോടും ക്ഷമിക്കണമേ.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

നമ്മുടെ സ്വർഗ്ഗസ്ഥ പിതാവ് നമ്മുടെ പാപങ്ങളെ കണക്കിടാതെയും അവ നിമിത്തം നമ്മുടെ പ്രാർത്ഥനകളെ തള്ളിക്കളയാതെയും ഇരിക്കണം എന്ന് ഈ അപേക്ഷയിൽ നാം പ്രാർത്ഥിക്കുന്നു. എന്തെന്നാൽ നാം പ്രാർത്ഥിക്കുന്ന കാര്യങ്ങളിൽ യാതൊന്നും പ്രാപിപ്പാൻ നമുക്കു പുണ്യമോ യോഗ്യതയോ ഇല്ല. കൃപമൂലം അവയെല്ലാം നമുക്കു നൽകണം എന്നത്രേ. നാം ദിവസംതോറും വളരെ പാപം ചെയ്യുന്നതു കൊണ്ട് ശിക്ഷയ്ക്കല്ലാതെ മറ്റൊന്നിനും പാത്രരാകുന്നതും ഇല്ല. അതുകൊണ്ടു നമ്മുടെ നേരെ പാപം ചെയ്യുന്നവരോട് നാമും ഹൃദയപൂർവ്വം ക്ഷമിച്ച് നന്മചെയ്യുവാൻ ഉത്സാഹിക്കും.

ആറാം അപേക്ഷ

ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

ദൈവം ആരെയും പരീക്ഷിക്കുന്നില്ല. എങ്കിലും പിശാച്, ലോകം, ജഡം എന്നിവ നമ്മെ വഞ്ചിക്കാതെ ഇരിക്കുന്നതിനും അബദ്ധവിശ്വാസം, നിരാശ, മറ്റു ലജ്ജാകരമായ കൊടിയ പാപവും ദുർവൃത്തിയും എന്നിവയിലേക്കു നമ്മെ വശീകരിക്കാതെ ഇരിക്കുന്നതിനും സകല പരീക്ഷകളിലും ഒടുവിൽ നാം ജയം പ്രാപിക്കുന്നതിനും ദൈവം നമ്മെ കാത്തു സൂക്ഷിക്കണമെന്ന് ഈ അപേക്ഷയിൽ നാം പ്രാർത്ഥിക്കുന്നു.

ഏഴാം അപേക്ഷ

ദോഷത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

ശരീരം, ആത്മാവ്, സമ്പത്ത്, മാനം എന്നിവയ്ക്ക് എതിരായ എല്ലാ ദോഷങ്ങളിൽനിന്നും നമ്മുടെ സ്വർഗ്ഗസ്ഥ പിതാവ് നമ്മെ വിടുവിക്കുകയും, നമ്മുടെ മരണനാഴിക വരുമ്പോൾ നല്ല അവസാനം നൽകുകയും, ഈ കണ്ണുനീരിൻ താഴ്വരയിൽനിന്നും കരുണയാൽ നമ്മെ സ്വർഗ്ഗത്തിൽ തന്‍റെ അടുക്കൽ ചേർക്കുകയും ചെയ്യണമെന്ന് എല്ലാറ്റിന്‍റെയും സാരാംശമായി ഈ അപേക്ഷയിൽ നാം പ്രാർത്ഥിക്കുന്നു.

രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

ആമേൻ.

ഇതിന്‍റെ അർത്ഥം എന്ത്?

ഉത്തരം:

നാം ഇങ്ങനെ പ്രാർത്ഥിക്കണം എന്ന് സ്വർഗ്ഗസ്ഥ പിതാവ് തന്നെ നമ്മോട് കൽപ്പിച്ചും നമ്മുടെ പ്രാർത്ഥന കേൾക്കും എന്ന് നമുക്കു വാഗ്ദത്തം ചെയ്തും ഇരിക്കുന്നതു കൊണ്ട് അവൻ പ്രാർത്ഥന സ്വീകരിച്ച് ഉത്തരമരുളും എന്ന് നാം ഉറയ്ക്കണം. ആമേൻ, ആമേൻ എന്നതോ അതേ, അതേ; അത് അങ്ങനെ സംഭവിക്കും എന്ന് തന്നെ.

IV. വിശുദ്ധ ജ്ഞാനസ്‌നാനം എന്ന സാക്രമെന്‍റ്

The Sacrament of Holy Baptism

കുടുംബത്തലവൻ തന്‍റെ വീട്ടിലുള്ള എല്ലാവരെയും ഏറ്റവും ലളിതമായി പഠിപ്പിക്കണം.

1. ജ്ഞാനസ്‌നാനം എന്നാൽ എന്ത്?

ഉത്തരം:

ജ്ഞാനസ്‌നാനം വെറും വെള്ളം അല്ല, ദൈവകല്പനയിൽ അടങ്ങിയതും ദൈവവചനത്തോട് ചേർന്നതും ആയ വെള്ളം ആകുന്നു.

വെള്ളത്തോടു ചേർന്നിരിക്കുന്ന ആ ദൈവവചനം എന്ത്?

ഉത്തരം:

മത്തായിയുടെ സുവിശേഷത്തിന്‍ ഒടുവിലത്തെ അദ്ധ്യായത്തിൽ 28:19-20 നമ്മുടെ കർത്താവായ ക്രിസ്തു പറയുന്നത്:

“നിങ്ങൾ പുറപ്പെട്ടു, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും. സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ”.

2. തിരുസ്നാനം നൽകുന്ന അനുഗ്രഹം എന്ത്?

ഉത്തരം:

ദൈവവചനവും വാഗ്ദത്തവും പ്രസ്താവിക്കുന്ന പ്രകാരം വിശ്വസിക്കുന്ന എല്ലാവർക്കും അത് പാപമോചനം സ്വന്തമാക്കുകയും മരണത്തിൽനിന്നും പിശാചിൽനിന്നും അവരെ വിടുവിക്കുകയും നിത്യരക്ഷയെ നൽകുകയും ചെയ്യുന്നു.

ആ ദൈവവചനവും വാഗ്ദത്തവും എന്ത്?

ഉത്തരം:

മർക്കൊസിന്‍റെ സുവിശേഷം ഒടുവിലത്തെ അദ്ധ്യായത്തിൽ 16:16 നമ്മുടെ കർത്താവായ ക്രിസ്തു പറയുന്നത്:

“വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും”.

3. ഇത്ര വലിയ അനുഗ്രഹം നൽകുവാൻ വെള്ളത്തിന് എങ്ങനെ കഴിയും?

ഉത്തരം:

അവയെ ചെയ്യുന്നത് വാസ്തവത്തിൽ വെള്ളം അല്ല, വെള്ളത്തോടു ചേർന്നിരിക്കുന്ന ദൈവവചനവും വെള്ളത്തിലുള്ള ആ ദൈവവചനത്തെ പിടിച്ചുകൊള്ളുന്ന വിശ്വാസവും അത്രേ. എന്തെന്നാൽ ദൈവവചനം കൂടാതെ ഈ വെള്ളം വെറും വെള്ളം അത്രേ, തിരുസ്നാനം അല്ല. എന്നാൽ, ദൈവവചനം ചേരുന്നു എങ്കിൽ അത് തിരുസ്നാനം തന്നെ. അതായത് കൃപാകരമായ ജീവജലവും പരിശുദ്ധാത്മാവിൽ പുനർജനനക്കുളിയും ആകുന്നു. അങ്ങനെ പൗലൊസ് അപ്പൊസ്തലൻ തീത്തൊസ് മൂന്നാം അദ്ധ്യായത്തിൽ 3:4-7 പറയുന്നത്:

“എന്നാൽ, നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ നന്മയും സ്‌നേഹം നിറഞ്ഞ കാരുണ്യവും വെളിപ്പെട്ടപ്പോൾ അവിടുന്നു നമുക്ക് രക്ഷ നൽകി. അതു നമ്മുടെ നീതിയുടെ പ്രവൃത്തികൾകൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവിൽ അവിടുന്ന് നിർവഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്രേ. ദൈവം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി വർഷിച്ചത്. അവിടുത്തെ കൃപാവരത്താൽ നാം നീതീകരിക്കപ്പെടുന്നതിനും നിത്യജീവനെപ്പറ്റിയുള്ള പ്രത്യാശയിൽ നാം അവകാശികളാകുന്നതിനും വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.”

4. വെള്ളംകൊണ്ട് ഇപ്രകാരം സ്നാനപ്പെടുത്തുന്നതിന്‍റെ അർത്ഥം എന്ത്?

നമ്മിലുള്ള പഴയ മനുഷ്യൻ നമ്മുടെ ദിനംപ്രതിയുള്ള അനുതാപത്താലും മാനസാന്തരത്താലും സർവ്വ പാപങ്ങളോടും ദുർമ്മോഹങ്ങളോടും കൂടെ മുങ്ങിച്ചാകണം എന്നും, എന്നെന്നേക്കും നീതിയിലും നിർമ്മലതയിലും ദൈവമുമ്പാകെ ജീവിക്കുന്ന ഒരു പുതുമനുഷ്യൻ നമ്മിൽ ദിവസേന ഉയർന്നുവരണം എന്നും അത്രേ ഇതിന്‍റെ അർത്ഥം.

ഇത് എവിടെ എഴുതിയിരിക്കുന്നു?

വിശുദ്ധ പൗലൊസ് റോമർക്ക് എഴുതിയ ലേഖനത്തിന്‍റെ ആറാം അദ്ധ്യായത്തിൽ 6:4 പറയുന്നത്:

“അങ്ങനെ അവന്‍റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്‌നാനത്താൽ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്‍റെ മഹത്വത്തിൽ ഉയിർത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്.”

V. കുമ്പസാരം

Confession

താഴെ വിവരിക്കുന്ന പ്രകാരം പാപം ഏറ്റുപറവാൻ പഠിപ്പിക്കണം.

കുമ്പസാരം എന്താകുന്നു?

കുമ്പസാരം അഥവാ ഏറ്റുപറച്ചിലിൽ രണ്ടു കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. പാപം ഏറ്റുപറയുന്നത് ഒന്ന്, മറ്റേത് ശുശ്രൂഷകനിൽനിന്നുള്ള പാപമോചനം ദൈവത്തിന്‍റേതായിട്ടു സ്വീകരിക്കയും, നമ്മുടെ പാപങ്ങൾ സ്വർഗ്ഗസ്ഥനായ ദൈവത്തിന്‍റെ മുമ്പാകെ അതിനാൽ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് സംശയിക്കാതെ ഉറപ്പായി വിശ്വസിക്കയും ചെയ്യുന്നത് തന്നെ.

നാം ഏത് പാപങ്ങളെ ഏറ്റുപറയണം?

കർത്താവിന്‍റെ പ്രാർത്ഥനയിൽ ചെയ്യുന്നതുപോലെ നാം ദൈവത്തിന്‍റെ മുമ്പാകെ എല്ലാ പാപങ്ങളെയും അറിയാത്തവയെയും കൂടെ ഏറ്റുപറയണം. എന്നാൽ ശുശ്രൂഷകന്‍റെ മുമ്പാകെ നാം അറിഞ്ഞും, നമ്മുടെ മനസ്സിനെ വേദനപ്പെടുത്തിക്കൊണ്ടും ഇരിക്കുന്ന പാപങ്ങളെ മാത്രം ഏറ്റുപറഞ്ഞാൽ മതി.

അവ ഏവ?

ഉത്തരം:

അച്ഛൻ, അമ്മ, മകൻ, മകൾ, യജമാനൻ, യജമാനസ്ത്രീ, ദാസൻ, ദാസി എന്നിങ്ങനെ ഉള്ളവരിൽ ആരുടെ നിലയിൽ നീ ഇരിക്കുന്നു എന്ന് ഓർമ്മിച്ച്, അനുസരണക്കേട്, അവിശ്വസ്തത, മടി എന്നിവ കാണിക്കയോ, വാക്കിനാൽ ആകട്ടെ പ്രവൃത്തിയാൽ ആകട്ടെ ആരെയെങ്കിലും വ്യസനിപ്പിക്കയോ, എന്തെങ്കിലും മോഷ്ടിക്കയോ, ഉപേക്ഷ കാണിക്കയോ നഷ്ടപ്പെടുത്തുകയോ, മറ്റേതെങ്കിലും ദോഷം പ്രവർത്തിക്കയോ ചെയ്തിരിക്കുന്നുവോ എന്ന് പത്ത് കൽപ്പനകളിൻ പ്രകാരം നിന്നെത്തന്നെ പരിശോധിച്ചാൽ അറിയാം.

നാം ഏത് പാപങ്ങളെ ഏറ്റുപറയണം?

ഏറ്റുപറയുന്ന ശുശ്രൂഷകനോട് നിങ്ങൾ ഇപകാരം പറയേണ്ടതാണ്, ബഹുമാനവും സ്നേഹവുമുള്ള സർ, എന്‍റെ ഏറ്റുപറച്ചിൽ കേൾക്കണമെന്നും ദൈവത്തിന്‍റെ പാപമോചനം പ്രഖ്യാപിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.

തുടങ്ങിക്കോളൂ!

സാധുവായ ഞാൻ ഒരു പാപി, എല്ലാ പാപങ്ങളെയും സംബന്ധിച്ച് കുറ്റക്കാരനാണെന്ന് ഞാൻ ദൈവമുമ്പാകെ ഏറ്റുപറയുന്നു. ഞാൻ ഒരു ദാസനാണെന്ന് (ദാസിയാണ് തുടങ്ങിയവ) (പ്രത്യേകമായി നിന്‍റെ മുമ്പിൽ ഏറ്റു പറയുന്നു. നിർഭാ ഗ്യവശാൽ ഞാൻ എന്‍റെ യജമാനനെ അവിശ്വസ്തനായിട്ടു മാത്രമേ സേവിച്ചിട്ടുള്ളൂ. ഇതിൽ എന്നോടു കല്പിച്ചതനുസരിച്ച് ഞാൻ പ്രവർത്തിച്ചിട്ടില്ല. എന്നെ ശപിക്കുവാൻ കാരണമാകുന്ന രീതിയിൽ ഞാൻ അദ്ദേഹത്തെ പ്രകോപിപ്പിച്ചു. പല രീതിയിലുള്ള എന്റെ ഉപേക്ഷ നഷ്ടമുണ്ടാകുന്നതിന് കാരണമായി. ഞാൻ വാക്കിലും പ്രവൃത്തിയിലും ധിക്കാരം കാട്ടി. എന്നോടൊപ്പമുള്ളവരോടു വാഗ്വാദത്തിലേർപ്പെട്ടു മുറു മുറുത്തു യജമാനനുമായി ശ്രതുതയിലായി തുടങ്ങിയവയെല്ലാം ഓർത്തു ഞാൻ ദുഃഖിക്കുന്നു. കൃപക്കായി ഞാൻ യാചിക്കുന്നു. നല്ല കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

ഒരു യജമാനൻ അല്ലെങ്കിൽ യജമാനത്തിക്കോ ഇങ്ങനെ പറയാവുന്നതാണ്.

ഞാൻ വിശ്വസ്തതയോടെ എന്‍റെ കുഞ്ഞുങ്ങളെയും വീട്ടു ജോലിക്കാരെയും ദൈവ മഹത്വത്തിനായി എന്‍റെ ഭാര്യയെയും പരിശീലിച്ചിട്ടില്ലായെന്ന് പ്രത്യേകമായി ഞാൻ അങ്ങയുടെ മുമ്പാകെ ഏറ്റു പറയുന്നു. ഞാൻ ശപിച്ചിട്ടുണ്ട്. പരുക്കനായ വാക്കുകളാലും പ്രവൃത്തികളാലും തെറ്റായ ഒരു മാതൃകയും സൃഷ്ടിച്ചിട്ടുണ്ട്. ഞാൻ എന്‍റെ അയൽക്കാരന് ദോഷം ചെയ്തിട്ടുണ്ട്. തിന്മയായി അവനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഞാൻ നിലവാരം കുറഞ്ഞ സാധനങ്ങൾ നല്കിയിട്ടുണ്ട്. കൂടുതൽ പണം ഈടാക്കിയിട്ടുണ്ട്. ജനങ്ങളിൽ നിന്നും വാങ്ങിയ പണം അനുസരിച്ച് മടക്കി നല്കിയിട്ടുമില്ല.

ഇതിനു പുറമേ ഏതെല്ലാം കാര്യങ്ങൾ ദൈവിക കല്‍പ്പനകള്‍ക്കും അവന്‍റെ വിളിക്കും എതിരായി ചെയ്തിട്ടുണ്ടോ അവയെല്ലാം ഏറ്റുപറയേണ്ടതാണ്.

ഇമ്മാതിരി പാപങ്ങളെ അല്ലെങ്കിൽ വലിയ പാപങ്ങളെക്കുറിച്ച് ഏതെങ്കിലും ഒരു വ്യക്തിക്ക് ഭാരം തോന്നുന്നില്ലെങ്കിൽ വ്യക്തി വേവലാതിപ്പെട്ട് മറ്റു പാപങ്ങൾക്കായി അന്വേഷിക്കുകയും അല്ലെങ്കിൽ കണ്ടു പിടിക്കുകയും ചെയ്തുകൊണ്ട്, ഏറ്റു പറച്ചിലിനെ തന്നെ ഒരു പീഡനമാക്കേണ്ടതില്ല. അവന് അറിയാവുന്ന ഒന്നോ രണ്ടോ പാപങ്ങളെ പരാമർശിച്ചാൽ മതിയാകും. ഇപ്രകാരം പറയുക, ഒരിക്കൽ ഞാൻ ശപിക്കപ്പെട്ടവനായിരുന്നു എന്നു ഞാൻ പ്രത്യേകമായി ഏറ്റുപറയുന്നു. കൂടാതെ ഒരിക്കൽ ഞാൻ അനുയോജ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ ഇതിനെ അല്ലെങ്കിൽ അതിനെ അവ ഗണിച്ചിട്ടുണ്ട്, എന്നിങ്ങനെ ഇത് മതിയാകുന്നതാണ്.

എന്നാൽ നിങ്ങൾക്ക് ഒരു പാപവും അറിഞ്ഞുകൂടെങ്കിൽ (അതിനെന്തായാലും സാദ്ധ്യതയില്ല. ഒന്നും പ്രത്യേകമായി ഏറ്റു പറയേണ്ടതില്ല, എന്നാലും ദൈവമുമ്പാകെ ശ്രദ്ധിക്കുന്ന വ്യക്തിയുടെ മുമ്പിൽ സമർപ്പിക്കുന്ന പൊതുവായ ഏറ്റുപറ ച്ചിലിനനുസൃതമായ പാപമോചനം സ്വീകരിച്ചാൽ മതിയാകും.

തുടർന്ന് ഏറ്റുപറച്ചിൽ ശ്രദ്ധിക്കുന്ന വ്യക്തി ഏറ്റുപറയേണ്ടത്:

ദൈവം നിങ്ങളോട് ദയകാണിച്ച് വിശ്വാസത്തെ ബലപ്പെടുത്തട്ടെ. ആമേൻ.

ഇതിനുപുറമേ, ഞാൻ നല്കിയ പാപമോചനം ദൈവം നല്‍കിയതുപോലെയാണെന്ന്, നിങ്ങൾ വിശ്വസിക്കുന്നുവോ

അതേ, സർ.

തുടർന്ന് അവൻ പറയേണ്ടത്:

നിങ്ങൾ വിശ്വസിക്കുന്നതുപോലെ നിങ്ങൾക്ക് ഭവിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്‍റെ കൽപ്പന അനുസരിച്ച് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ ആമേൻ. സമാധാനത്തോടെ പോക.

മനസ്സ് ഭാരപ്പെടുന്നവരെയും അല്ലെങ്കിൽ പരീക്ഷയിൽ അകപ്പെട്ടു ദുഃഖിക്കുന്നവരെയും എങ്ങനെ തിരുവെഴുത്തിൽ നിന്നുള്ള കൂടുതൽ വചനങ്ങളാൽ ആശ്വസിപ്പിക്കുന്നതിനും വിശ്വസിക്കാൻ പ്രോത്സാഹനം നല്കുന്നതിനും ഏറ്റുപറച്ചിൽ നടത്താൻ സാധാരണക്കാരെ സഹായിക്കുന്ന പൊതുവായ ഒരു മാതൃകയാണിത്.

VI. അൾത്താരയിലെ സാക്രമെന്‍റ്

The Sacrament of the Altar

കുടുംബത്തലവൻ തന്‍റെ വീട്ടിലുള്ള എല്ലാവരെയും ഏറ്റവും ലളിതമായി പഠിപ്പിക്കണം.

അൾത്താരയിലെ സാക്രമെന്‍റ് എന്താകുന്നു?

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ സാക്ഷാൽ ശരീരവും രക്തവും ആകുന്നു. അത് അപ്പത്തിലും വീഞ്ഞിലും ക്രിസ്ത്യാനികളായ നമുക്ക് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതിനായിട്ടു ക്രിസ്തുതന്നെ സ്ഥാപിച്ചിരിക്കുന്നു

അത് എവിടെ എഴുതിയിരിക്കുന്നു?

മത്തായി 26:26, മർക്കൊസ് 14:22, ലൂക്കൊസ് 22:19 എന്നീ വിശുദ്ധ സുവിശേഷകന്മാരും വിശുദ്ധ പൗലൊസും ഇപ്രകാരം എഴുതുന്നു:

 “നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ കാണിച്ചു കൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്‌തോത്രം ചൊല്ലി നുറുക്കി തന്റെ ശിഷ്യന്മാർക്കു കൊടുത്തു പറഞ്ഞു: വാങ്ങി ഭക്ഷിപ്പിൻ! ഇത് നിങ്ങൾക്കു വേണ്ടി നല്കുന്ന എന്‍റെ ശരീരം; എന്‍റെ ഓർമ്മയ്ക്കായി ഇത് ചെയ് വിൻ.”

അവ്വണ്ണം തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രം എടുത്തു സ്‌തോത്രം ചൊല്ലി അവർക്ക് കൊടുത്തു പറഞ്ഞു: “നിങ്ങൾ എല്ലാവരും ഇതിൽനിന്ന് കുടിപ്പിൻ; ഇത് നിങ്ങൾക്കു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന എന്‍റെ രക്തത്തിലെ പുതിയ നിയമം ആകുന്നു. ഇത് കുടിക്കുമ്പോൾ ഒക്കെയും എന്‍റെ ഓർമ്മയ്ക്കായി ചെയ് വിൻ.”

ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതിലെ അനുഗ്രഹമെന്ത്‌?

“നിങ്ങൾക്കു വേണ്ടി നൽകുന്ന’, “നിങ്ങൾക്കു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന’ എന്നീ വചനങ്ങൾ അത ഇതിന്‍റെ അനുഗ്രഹം കാണിക്കുന്നത്. അതായത്, ഈ വചനങ്ങൾ മൂലം പാപമോചനവും ജീവനും രക്ഷയും ഈ സാക്രമെന്റിൽ നമുക്കു നൽകപ്പെടുന്നു. എന്തുകൊണ്ടെന്നാൽ, പാപ മോചനം എവിടെയുണ്ടോ അവിടെ ജീവനും രക്ഷയും ഉണ്ട്.

എങ്ങനെയാണ് ശാരീരികമായി ഭക്ഷിക്കയും കുടിക്കയും ചെയ്യുന്നതിന് ഇത്രയും വലിയ കാര്യങ്ങൾ ചെയ്യാനാകുന്നത്?

ഇതു ചെയ്യുന്നത് തീർച്ചയായും ശാരീരികമായി ഭക്ഷിക്കുന്നതും കുടിക്കുന്നതും കൊണ്ടല്ല, ഇവിടെ നൽകപ്പെടുന്ന വചനങ്ങളിലൂടെയാണ്, “നിങ്ങൾക്കു വേണ്ടി നൽകുന്ന’ എന്നും “നിങ്ങൾക്കു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന’ എന്നീ വചനങ്ങളാണിത് ചെയ്യുന്നത്. ശരീരികമായി ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നതിന് പുറമേ ഈ വചനങ്ങളാണ് ഈ സാക്രമെന്‍റിലെ പ്രധാനപ്പെട്ട വസ്തുത. ഈ വചനങ്ങളെ വിശ്വസിക്കുന്നവന് ഇവയിൽ പറഞ്ഞിട്ടുള്ളതും വ്യക്തമാക്കി യിട്ടുള്ളതുമായ പാപമോചനം ഉണ്ട്.

അങ്ങനെയാണെങ്കിൽ ഈ സാക്രമെന്‍റ് യോഗ്യമായി സ്വീകരിക്കുന്നവർ ആരാണ്?

ഉപവാസവും ശാരീരികവുമായ ഒരുക്കങ്ങളും തീർച്ചയായും നല്ല ബാഹ്യമായ പരിശീലനമാണ്. എന്നാൽ “നിങ്ങൾക്കു വേണ്ടി നൽകുന്ന’ “നിങ്ങൾക്കു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന’ എന്നീ വചനങ്ങളെ വിശ്വസിക്കുന്നവനാണ് യഥാർത്ഥത്തിൽ യോഗ്യനും നല്ല ഒരുക്കമുള്ളവനുമായിത്തീരുന്നത്.

ഈ വചനങ്ങളെ വിശ്വസിക്കാത്തവൻ അല്ലെങ്കിൽ സംശയിക്കുന്നവൻ ഒരുക്കമില്ലാത്തവനും അയോഗ്യനുമാണ്. കാരണം നിങ്ങൾക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന എന്നീ വാക്കുകൾക്കാവശ്യമായിരിക്കുന്നത് പൂർണമായി വിശ്വസിക്കുന്ന ഹൃദയങ്ങളെയാണ്.

അനുദിന പ്രാർത്ഥനകൾ

Daily Prayers

താഴെ വിവരിക്കുന്ന പ്രകാരം കുടുംബത്തലവൻ തന്‍റെ വീട്ടിലുള്ള എല്ലാവരെയും രാവിലെയും വൈകുന്നേരവും പ്രാർത്ഥിപ്പാൻ പഠിപ്പിക്കണം.

രാവിലത്തെ പ്രാർത്ഥന

Morning Prayer

രാവിലെ എഴുന്നേൽക്കുമ്പോൾ വിശുദ്ധ  ക്രൂശിന്‍റെ

അടയാളം വരച്ച് പറയേണ്ടത്:

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവാകുന്ന ദൈവത്തിന്‍റെ നാമത്തിൽ, ആമേൻ.

പിന്നീട് മുട്ടുകുത്തിക്കൊണ്ടോ നിന്നുകൊണ്ടോ വിശ്വാസ പ്രമാണവും കർത്താവിന്‍റെ പ്രാർത്ഥനയും ചൊല്ലുക. അതോടു കൂടെ ഈ ചെറിയ പ്രാർത്ഥനയും ഉപയോഗിച്ചാൽ കൊള്ളാം.

എന്‍റെ സ്വർഗ്ഗീയ പിതാവേ, കഴിഞ്ഞ രാത്രിയിലെ എല്ലാ ആപത്തുകളിൽനിന്നും അനർത്ഥങ്ങളിൽനിന്നും എന്നെ സൂക്ഷിച്ചതുകൊണ്ട് നിന്‍റെ പ്രിയപുത്രനായ യേശുക്രിസ്ത വിന്‍റെ നാമത്തിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു. ഇന്നേ ദിവസം എന്‍റെ പ്രവൃത്തിയും ജീവിതവും നിനക്ക് ഇഷ്ടമായിരിക്കേണ്ടതിന്, നീ എന്നെ പാപത്തിൽനിന്നും സകല ദോഷത്തിൽ നിന്നും സൂക്ഷിക്കണമെന്നു നിന്നോട് പ്രാർത്ഥിക്കുന്നു. എന്‍റെ ശരീരത്തെയും ആത്മാവിനെയും മറ്റെല്ലാ കാര്യങ്ങളെയും ഞാൻ നിങ്കൽ ഭരമേല്പിക്കുന്നു. ദുഷ്ടശതുവിന് എന്റെ മേൽ യാതൊരു അധികാരവും ഉണ്ടാകാതിരിക്കേണ്ടതിന് നിന്‍റെ വിശുദ്ധദൂതൻ എന്നോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

നിന്‍റെ ധ്യാനത്തിനു ചേരുന്ന വിധത്തിൽ ഒരു പാട്ട് പാടിയ ശേഷം സന്തോഷത്തോടെ നിന്‍റെ ജോലിക്ക് പോക.

വൈകുന്നേരത്തെ പ്രാർത്ഥന

Evening Prayer

രാതിയിൽ ഉറങ്ങുവാൻ പോകുമ്പോൾ വിശുദ്ധ കുരിശിന്‍റെ

അടയാളം വരച്ച് പറയേണ്ടത്:

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവാകുന്ന ദൈവത്തിന്‍റെ നാമത്തിൽ, ആമേൻ.

പിന്നീട് മുട്ടുകുത്തിക്കൊണ്ടോ നിന്നുകൊണ്ടോ വിശ്വാസപ്രമാണവും കർത്താവിന്‍റെ പ്രാർത്ഥനയും ചൊല്ലുക. അതോടു കൂടെ ഈ ചെറിയ പ്രാർത്ഥനയും ഉപയോഗിച്ചാൽ കൊള്ളാം.

എന്‍റെ സ്വർഗ്ഗീയ പിതാവേ, നീ ഇന്നേ ദിവസം എന്നെ കൃപയോട് സൂക്ഷിച്ചതുകൊണ്ടു നിന്‍റെ പ്രിയപുത്രനായ യേശു ക്രിസ്തുവിന്‍റെ നാമത്തിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു. ഞാൻ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളെയും അന്യായങ്ങളെയും എന്നോട് ക്ഷമിച്ച്, ഇന്നു രാത്രി എന്ന കൃപയോട് സൂക്ഷിക്കണമെന്നു ഞാൻ നിന്നോട് പ്രാർത്ഥിക്കുന്നു; എന്‍റെ ശരീരത്തെയും ആത്മാവിനെയും മറ്റെല്ലാ കാര്യങ്ങളെയും ഞാൻ നിങ്കൽ ഭരമേല്പിക്കുന്നു. ദുഷ്ടശത്രുവിന് എന്‍റെ മേൽ യാതൊരു അധികാരവും ഉണ്ടാകാതിരിക്കേണ്ടതിന് നിന്‍റെ വിശുദ്ധദൂതൻ എന്നോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ

പിന്നീട് സുഖത്തോടെ ഉറങ്ങിക്കൊൾക

അനുഗ്രഹം ചോദിക്കുന്നത്

താഴെ വിവരിക്കുന്ന പ്രകാരം കുടുംബത്തലവൻ തന്‍റെ വീട്ടിലുള്ള എല്ലാവരെയും പഠിപ്പിക്കണം.

കുട്ടികളും ദാസന്മാരും കൈകൂപ്പി ഭക്തിപൂർവ്വം മേശക്കരികിലെത്തി പറയേണ്ടത്.

എല്ലാവരുടെയും കണ്ണ്, കർത്താവേ, നിന്നെ നോക്കി കാത്തിരിക്കുന്നു. നീ തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു. നീ തൃക്കെ തുറന്നു ജീവനുള്ളതിനൊക്കെയും പ്രസാദം കൊണ്ട് തൃപ്തിവരുത്തുന്നു.

 (കുറിപ്പ്: ആഗ്രഹത്തിന് തൃപ്തി എന്നതിനർത്ഥം എല്ലാ മൃഗങ്ങൾക്കും ഭക്ഷിക്കാൻ ആവശ്യമായതെല്ലാം ലഭിക്കുന്നതുകൊണ്ട് അവ തൃപ്തിയോടും സന്തോഷത്തോടും ഇരിക്കുന്നുവെന്നാണ്. അത്യാഗ്രഹവും വ്യാകുലതയുമാണ് തൃപ്തി ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുന്നത്)

പിന്നെ കർത്താവിന്‍റെ പ്രാർത്ഥനയും ഈ താഴെ വരുന്നതും ചൊല്ലണം.

ദൈവമായ കർത്താവേ, സ്വർഗ്ഗസ്ഥനായ പിതാവേ, നിന്‍റെ ഔദാര്യത്തിൽനിന്നു ഞങ്ങൾക്ക് ലഭിക്കുന്ന നിന്‍റെ ഈ ദാനങ്ങളെയും ഞങ്ങളെയും ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തു മൂലം അനുഗ്രഹിക്കണമേ. ആമേൻ.

ആഹാരത്തിന് ശേഷമുള്ള സ്തോത്രം

ആഹാരം കഴിഞ്ഞശേഷം മുമ്പിലത്തെപ്പോലെ ഭക്തിയോടു

കൂടി കൈകൂപ്പി ചൊല്ലേണ്ടത്.

യഹോവയ്ക്കു സ്തോത്രം ചെയ് വിൻ; അവൻ നല്ലവനല്ലോ, അവന്‍റെ ദയ എന്നേക്കുമുള്ളത്. അവൻ സകല ജഡത്തിനും ആഹാരം കൊടുക്കുന്നു. അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്‍റെ ആഹാരം കൊടുക്കുന്നു. അശ്വബലത്തിൽ അവന് ഇഷ്ടം തോന്നുന്നില്ല, പുരുഷന്‍റെ ഊരുക്കളിൽ പ്രസാദിക്കുന്നതും ഇല്ല. തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശ വെയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു

അതിനുശേഷം കർത്താവിന്‍റെ പ്രാർത്ഥനയും ഈ താഴെ

വരുന്നതും ചൊല്ലണം.

എന്നെന്നേക്കും ജീവിച്ച് വാഴുന്ന ദൈവമായ കർത്താവേ, സ്വർഗ്ഗസ്ഥ പിതാവേ, കർത്താവായ യേശുക്രിസ്തുമൂലം നിന്‍റെ സകല അനുഗ്രഹങ്ങൾക്കും വേണ്ടി ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു. ആമേൻ.

മുറപ്പെട്ടിക

Table of Duties

അതാതു വിശുദ്ധ സ്ഥാനങ്ങളിലും നിലകളിലും ഉള്ളവരെ, അവരവരുടെ മുറയെയും വേലയെയും പറ്റി പ്രബോധിപ്പിക്കത്തക്ക ചില വേദവചനങ്ങൾ.

അദ്ധ്യക്ഷന്മാർക്കും പട്ടക്കാർക്കും സുവിശേഷകന്മാർക്കും

അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കണം. മദ്യപ്രിയനും തല്ലുകാരനും അരുത്, ശാന്തനും കലഹിക്കാത്തവനും ദ്രവ്യാ ഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കണം… പുതിയ ശിഷ്യനും അരുത്. പത്ഥ്യാപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെ പിടിക്കുന്നവനും ആയിരിക്കണം. 1 തിമൊ 3:2-4, 6; തീത്തൊസ്‌ 1:7-9.

കേൾവിക്കാർക്ക് തങ്ങളുടെ പട്ടക്കാരോടുള്ള കടമ

അതുപോലെ കർത്താവും, സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണം എന്ന് കല്‍പ്പിച്ചിരിക്കുന്നു. 1 കൊരി. 9:14.

വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കണം. വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ, മനുഷ്യൻ വിതയ്ക്കുന്നതു തന്നെ കൊയ്യും. ഗലാ . 6:6-7.

നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നെ, ഇരട്ടി മാനത്തിന് യോഗ്യരായി എണ്ണുക. മെതിക്കുന്ന കാളയ്ക്കു മുഖക്കൊട്ട കെട്ടരുത് എന്ന് തിരുവെഴുത്ത് പറയുന്നു; വേലക്കാരൻ തന്‍റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ. 1 തിമൊ. 5:17, 18.

നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇത് അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്യാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്ക് നന്നല്ല. എബ്രാ. 13:17.

സർക്കാർ അധികാരത്തെക്കുറിച്ച്

ഏത് മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ അധികാരത്തോട് മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും. വാഴുന്നവർ ഒരു വിശദീകരണം സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്ക് ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മ ചെയ്തു; എന്നാൽ അവനോടു പുകഴ്ച ലഭിക്കും. നിന്‍റെ നന്മയ്ക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നത്. നീ തിന്മ ചെയ്താലോ ഭയപ്പെടുക, വെറുതെ അല്ല അവൻ വാൾ വഹിക്കുന്നത്; അവൻ ദോഷം പ്രവർത്തിക്കുന്നവന്‍റെ ശിക്ഷയ് ക്കായി പ്രതികാരിയായ ദൈവശുശൂഷക്കാരൻ തന്നെ.

റോമർ 13:1-4

പ്രജകളെക്കുറിച്ച്

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. മത്തായി 22:21.

അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം. അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നെ നോക്കുന്നവരുമാകുന്നു. എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന് നികുതി; ചുങ്കം കൊടുക്കേണ്ടവന് ചുങ്കം; ഭയം കാണിക്കേണ്ടവനു ഭയം; മാനം കാണിക്കേണ്ടവനു മാനം. റോമർ 13:5-7.

എന്നാൽ സകല മനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന് വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷ വാദവും സ്‌തോത്രവും ചെയ്യണം എന്ന് ഞാൻ സകലത്തിനും മുമ്പേ പ്രബോധിപ്പിക്കുന്നു. അത് നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. 1 തിമൊ . 2:1-3.

വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകല സൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും… അവരെ ഓർമ്മപ്പെടുത്തുക. തീത്തൊസ്‌ 3:1-2.

സകല മാനുഷനിയമത്തിനും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിനും ദുഷ് പ്രവൃത്തിക്കാരുടെ ദണ്ഡനത്തിനും സൽപ്രവ്യത്തിക്കാരുടെ മാനത്തിനുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ. 1 പത്രൊസ് 2:13-14.

ഭർത്താക്കന്മാർക്ക്

ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനയ്ക്ക് മുടക്കം വരാതിരിക്കേണ്ടതിനു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ച്, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്‍റെ കൃപയ്ക്ക്‌ കൂട്ടവകാശികൾ എന്നും ഓർത്ത് അവർക്കു ബഹുമാനം കൊടുപ്പിൻ. അവരോട് കൈപ്പായിരിക്കയുമരുത്. 1 പത്രൊസ് 3:7; കൊലൊ . 3:19.

ഭാര്യമാർക്ക്

ഭാര്യമാരേ, കർത്താവിന് എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. എഫെ. 5:22.

അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്ന് വിളിച്ച് അനുസരിച്ചിരുന്നു. നന്മ ചെയ്ത യാതൊരു ഭീഷണിയും പേടി ക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു. 1 പത്രൊസ് 3:6.

മാതാപിതാക്കന്മാർക്ക്

പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്‍റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ. എഫെ. 5:4.

മക്കൾക്ക്

മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അത് ന്യായമല്ലോ. നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നത് വാഗ്ദത്തത്തോടുകൂടിയ ആദ്യകല്‍പ്പന ആകുന്നു. എഫെ. 6:1-3.

വേലക്കാർക്കും കൂലിക്കാർക്കും (എല്ലാ തരം ജോലിക്കാർക്കും)

ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെതന്നെ ഹൃദയത്തിന്‍റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടുംകൂടെ അനുസരിപ്പിൻ. മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്‍റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും മനുഷ്യരെയല്ല കർത്താവിനെ തന്നെ പ്രീതിയോടെ സേവിച്ചുംകൊണ്ട് അനുസരിപ്പിൻ. ദാസനോ സ്വത്രന്തനോ ഓരോരുത്തൻ ചെയ്യുന്ന നന്മയ്ക്കു കർത്താവിൽനിന്ന് പ്രതിഫലം പ്രാപിക്കും എന്ന് നിങ്ങൾ അറിയുന്നുവല്ലോ. എ ഫെ . 6:5-8.

യജമാനന്മാർക്കും യജമാനസ്ത്രീകൾക്കും

യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗ്ഗത്തിൽ ഉണ്ടെന്നും അവന്റെ പക്കൽ മുഖ പക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ട് അങ്ങനെ തന്നെ അവരോട് പെരു മാറുകയും ഭീഷണിവാക്ക് ഒഴിക്കയും ചെയ് വിൻ. എഫെ. 6:9, കൊലൊ 4:1.

യുവാക്കൾക്ക്

അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്ന്ന് ധരിച്ചുകൊൾവിൻ. ദൈവം നിഗളികളോട് എതിർത്തുനില്ക്കുന്നു; താഴ്ചയുള്ളവർക്കോ കൃപ നൽകുന്നു. അതുകൊണ്ട് അവൻ തക്ക സമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്‍റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. 1 പത്രൊസ് 5:5-6.

വിധവമാർക്ക്

സാക്ഷാൽ വിധവയും ഏകാകിനിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉറ്റു പാർക്കുന്നു. കാമുകിയായവളോ ജീവിച്ചിരിക്കയിൽ തന്നെ ചത്തവൾ. 1 തിമൊ. 5:5-6.

എല്ലാവർക്കും പൊതുവിൽ

പരസ്പരം സ്‌നേഹിക്കുക എന്നതൊഴികെ നിങ്ങൾക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാൽ, അയൽക്കാരനെ സ്‌നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചുകഴിഞ്ഞു. വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കൽപനയും നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കണം എന്ന ഒരു വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു. റോമർ 13:8-9

എല്ലാവർക്കും വേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥ പ്രാർത്ഥനകളും ഉപകാരസ്മരണകളും അർപ്പിക്കണമെന്ന് ഞാൻ ആദ്യമേ ആഹ്വാനം ചെയ്യുന്നു. 1 തിമൊ . 2:1.

താന്താന്‍റെ പാഠം ചൊവ്വായി പഠിച്ചാൽ

താന്താന്‍റെ വീട് ശുഭമായിരിക്കും.